ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാ ഭീഷണി; കൊല്ലത്ത് സില്‍വര്‍ലൈന്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 10:14 AM  |  

Last Updated: 30th March 2022 10:16 AM  |   A+A-   |  

silverline_protest

സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം

 

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന് കല്ലിടുമെന്ന സൂചനയെ തുടര്‍ന്ന് വന്‍തോതില്‍ ആളുകളാണ് സ്ഥലത്ത് എത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം. 

എന്ത് കാരണം വന്നാലും കല്ലിടാന്‍ സമ്മതിക്കില്ല. ജീവന്‍ പോയാലും കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും ഇവര്‍ ഉന്നയിക്കുന്നു.സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. സില്‍വര്‍ലൈന്‍ സര്‍വേയ്ക്കായി കൊണ്ടുവന്ന കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സര്‍വെ നിര്‍ത്തിവച്ചിരുന്നു.

പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം കല്ലിടല്‍ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. 

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.