രഹസ്യഭൂഗർഭ അറയിൽ 8000 ലിറ്റർ സ്പിരിറ്റ്, പെയിന്റ് കമ്പനിയുടെ മറവിൽ സ്പിരിറ്റ് കച്ചവടം; രണ്ടു പേർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2022 07:28 AM |
Last Updated: 31st March 2022 07:28 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി; ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. എടയാറിലെ പെയിന്റ് നിര്‍മാണ കമ്പനിയിലെ രഹസ്യഭൂഗർഭ അറയില്‍ നിന്ന് 8000 ലിറ്ററിലേറെ സ്പിരിറ്റ് പിടിയിൽ. ഇന്നലെ അർധരാത്രിയോടെയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
എടയാര്‍ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പെയിന്‍റ് കമ്പനിയിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് ആലുവ ദേശീയപാതയില്‍ ഇന്നലെ രാത്രി രണ്ട് പേർ സ്പിരിറ്റുമായി പിടിയിലാവുന്നത്.
എടയാറിലെ കമ്പനിയിൽ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികൾ മൊഴി നല്‍കി. തുടര്‍ന്ന് പ്രതികളെയും കൊണ്ട് കമ്പനിയിലെത്തുകയായിരന്നു. കമ്പനിയുടെ മുറ്റത്ത് രഹസ്യ ഭൂഗർഭ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരാണ് പിടിയിലായത്. ഏജന്‍റുമാരുടെ ബിസിനസ് പങ്കാളികളുമാണിവര്‍. കുര്യന്‍ എന്നയാളാണ് കമ്പനി ഉടമ. മധ്യകേരളത്തിലെ വിവിധ ഇടങ്ങളിൽ മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു. കമ്പനിയില്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണുള്ളത്. പെയിന്‍റ് ബിസിനസ് എന്ന പേരില്‍ സ്പിരിറ്റ് കച്ചവടമാണ് ഇവിടെ പ്രധാനമായും നടന്നുവന്നതെന്നാണ് വിവരം. കുര്യൻ ഒളിവിലാണ്.ഇയാള്‍ക്കായി തെരച്ചിൽ തുടരുന്നു.