പറഞ്ഞതിലുറച്ച് മന്ത്രി രാജീവ്; 'മൊഴി നല്‍കിയത് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന ഉത്തമ ബോധ്യത്തില്‍'

കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണത്തിലേക്ക് പോകണമെന്ന ആവശ്യം വളരെ പോസിറ്റീവ് ആയാണ്  പരിഗണിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു എന്ന വാദത്തിലുറച്ച് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുത്. അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ്, താന്‍ വിളിച്ച യോഗത്തില്‍ ഡബ്ല്യൂസിസി നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി രാജീവ് വിശദീകരിച്ചു. 

ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് കമ്മിറ്റിയാണ്, കമ്മീഷനല്ല. യുവതികള്‍ മൊഴി കൊടുക്കുന്നത് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന ഉത്തമ ബോധ്യത്തിലാണ്. ആ റിപ്പോര്‍ട്ടില്‍ ഇതെല്ലാം പുറത്തു വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഡബ്ല്യൂസിസി നേതാക്കള്‍ പറഞ്ഞതായി പി രാജീവ് വിശദീകരിച്ചു.  

സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണ്. ഇക്കാര്യം താന്‍ നേരത്തെയും വ്യക്തമാക്കിയതാണ്. ഇക്കാര്യം ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ആ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണത്തിലേക്ക് പോകണമെന്ന ആവശ്യം വളരെ പോസിറ്റീവ് ആയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ രംഗത്തു വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു തന്നെയാണ് സിനിമാ മേഖയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലപാട്. അതേസമയം പരാതിക്കാരികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. 

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നു തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഔദ്യോഗികമായി കത്തു മുഖേനയും നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. അന്ന് നല്‍കിയതിന് സമാനമായ കത്തു തന്നെയാണ് മന്ത്രിക്കും നല്‍കിയതെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. 

മന്ത്രിയുമായി ചര്‍ച്ച നടത്തിയവരുമായി സംസാരിച്ചതില്‍ നിന്നും മനസ്സിലാകുന്നത്, അവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരാതിക്കാരികളുടെ സ്വകാര്യത, സംഭവ സ്ഥലം, സമയം, മൊഴികള്‍ തുടങ്ങിയവ പുറത്തുവരുന്നതില്‍ വേവലാതികള്‍ അറിയിച്ചിരുന്നു. ഇതില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ആളെ തിരിച്ചറിയാന്‍ ഇടയാക്കില്ലേ എന്ന ആശങ്കയും പങ്കുവെച്ചിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ ആയ വസ്തുതകള്‍ ഒഴിവാക്കിക്കൊണ്ട്, റിപ്പോര്‍ട്ട് പുറത്തു വിടണമെന്നു തന്നെയാണ് സംഘടനയുടെ റിക്വസ്റ്റെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com