ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 02nd May 2022 08:37 AM |
Last Updated: 02nd May 2022 08:43 AM | A+A A- |

മന്ത്രി പി രാജീവ്
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സിനിമാ മേഖയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടതായി നിയമമന്ത്രി പി രാജീവ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു എന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമുള്ള അന്വേഷണ കമ്മീഷനല്ല ഹേമ കമ്മിറ്റി എന്നതിനാല്‍, അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.
നിയമമന്ത്രാലയത്തിലേക്ക് സമിതിയുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്. അത് സാംസ്‌കാരിക വകുപ്പിന് കൈമാറിയശേഷം നടപടി സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഡബ്ല്യുസിസി പരസ്യമായി ആവശ്യപ്പെട്ടു വരികയാണ്. കഴിഞ്ഞ സൂര്യ ഫെലിംഫെസ്റ്റിവലില്‍ നടി പാര്‍വതി തിരുവോത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും, ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഡബ്ല്യുസിസിയെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ