'ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്നു പറഞ്ഞു';സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതല്ല;'അമ്മ' എക്‌സിക്യൂട്ടീവിന് എതിരെ മാലാ പാര്‍വതി 

താന്‍ ഐസിസിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും 'അമ്മ' അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു
മാലാ പാര്‍വതി/ഫയല്‍
മാലാ പാര്‍വതി/ഫയല്‍


തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടന 'അമ്മ'യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായി മാലാ പാര്‍വതി. സമിതിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഐസിസിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും 'അമ്മ' അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു. 

ഇരയുടെ പേര് പറയുന്നത് ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യയിലുള്ള നിയമമാണ്. കേസു കൊടുത്ത പെണ്‍കുട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ പക്കലുണ്ട് എന്നൊക്കെ പറയുന്നത് അംഗീകരിക്കുമ്പോള്‍ പോലും പേര് പറഞ്ഞ കാര്യം അംഗീകരിക്കാന്‍ പറ്റില്ല. നടപടിയുണ്ടാകേണ്ടതുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തില്‍ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് അംഗീകരിക്കും എന്നു തന്നെയാണ് കരുതിയിരുന്നത്. പ്രസ് റിലീസില്‍ വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്നാണ് പറയുന്നത്. 'അമ്മ' ആവശ്യപ്പെട്ടു എന്നൊരു വാക്കില്ല. അത് അച്ചടക്ക നടപടിയായി കാണുന്നില്ല. സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ശരിയായത് ആണോയെന്ന് സംശയിക്കുന്നു.'- മാലാ പാര്‍വതി പറഞ്ഞു.  

ഐസിസി ഒരു ഓട്ടോണമസ് ബോഡിയാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് താഴെയല്ല. അതിലിരുന്ന് ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഐസിസി അംഗങ്ങള്‍ വാട്‌സ്ആപ്പ് വഴി മീറ്റിങ് കൂടിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരും രാജിവയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞിരുന്നു. തീരുമാനം അറിയില്ല. 

അമ്മയില്‍ നിന്ന് അംഗത്തെ പുറത്താക്കാന്‍ പറ്റില്ല, അത് ബൈലോയിലില്ല. അതാണ് ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷേ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാം- മാലാ പാര്‍വതി പറഞ്ഞു. 

പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐസിസി 'അമ്മ' എക്‌സിക്യൂട്ടീവിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍, വിജയ് ബാബു നല്‍കിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാവല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാല്‍ തന്നെ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു വിജയ് ബാബുവിന്റെ കത്ത്. 
.
ഈ വാര്‍ത്ത കൂടി വായിക്കാം വിജയ് ബാബുവിന് എതിരെ നടപടിയില്ല; 'അമ്മ' പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com