തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന കോഴിയിറച്ചി മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ.
ഇറച്ചി പൂര്‍ണമായും വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ഇറച്ചി വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് കൂള്‍ബാറിന്റെ ഉടമ. ഇദ്ദേഹം നിലവില്‍ വിദേശത്താണെന്നാണ് വിവരം.
കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ അനസിനെനെയും ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറും പൊലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തില്‍ പരിശോധന നടത്തി.
ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates