'തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനൊപ്പം'; ആരു വിജയിക്കുമെന്ന് പറയാനാകില്ലെന്ന് കെ വി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:39 AM  |  

Last Updated: 03rd May 2022 08:39 AM  |   A+A-   |  

kv_thomas

കെ വി തോമസ്/ ഫയല്‍

 

കൊച്ചി: തൃക്കാക്കരയില്‍ ആരു വിജയിക്കുമെന്ന് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. താന്‍ വികസന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കെ വി തോമസ് പറഞ്ഞു. 

കൊച്ചി മെട്രോ തൃക്കാക്കരയിലെത്തിക്കണം. വൈറ്റിലയില്‍ നിന്നുള്ള ജലപാത, വളര്‍ന്നു വരുന്ന നഗരമെന്ന നിലയില്‍ നഗരത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടും. ഏതു രാഷ്ട്രീയം എന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമാകും താന്‍ നില്‍ക്കുകയെന്നും കെ വി തോമസ് പറഞ്ഞു. 

പി ടി തോമസും ഉമ തോമസും തന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഉമയോട് ആദരവും ബഹുമാനവുമുണ്ട്. പക്ഷെ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും വ്യത്യസ്തമാണെന്നും കെ വി തോമസ് പറഞ്ഞു. 

അന്ധമായ രാഷ്ട്രീയ വിരോധം കാരണം ജനങ്ങള്‍ക്ക് ലഭിക്കേണ്ട വികസനം ഇല്ലാതാകരുത്. ഇഫ്താര്‍ പരിപാടിയില്‍ ഒന്നിച്ചിരിക്കാമെങ്കില്‍ വികസനത്തിനായും ഒരുമിച്ച് ഇരിക്കാനാകില്ലേയെന്നും കെ വി തോമസ് ചോദിച്ചു. 

കഴിഞ്ഞകാലത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല. തന്നോട് അഭിപ്രായം ചോദിക്കുമെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഉമ തോമസ് മത്സരിക്കുമോ?; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ