സഞ്ജിത്ത് വധം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് അധ്യാപകൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 07:47 PM  |  

Last Updated: 06th May 2022 07:47 PM  |   A+A-   |  

sanjith murder case

സഞ്ജിത്ത് / ഫയല്‍

 

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിത് വധത്തില്‍ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതക ശേഷം ഒളിവിൽ പോയ ബാവയെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്. 

കഴിഞ്ഞവർഷം നവംബര്‍ 15നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഇന്നലെ ഉത്തരവിട്ടു. 

കേസില്‍ അറസ്റ്റിലായ 11 പ്രതികളില്‍ പത്തു പേരെ ഉള്‍പ്പെടുത്തി പാലക്കാട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 350 സാക്ഷികള്‍ ആണ് ഉള്ളത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.ആയിരത്തില്‍ ഏറെ ഫോണ്‍വിളി രേഖകളും 10 ജിബി സിസിടിവി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ല, കർശന നടപടി; 110 കടകൾ പൂട്ടിച്ചെന്ന് വീണാ ജോർജ്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ