വരുന്നൂ 'അസാനി'; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 07:13 AM  |  

Last Updated: 07th May 2022 07:13 AM  |   A+A-   |  

Cyclone

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക നല്‍കിയ 'അസാനി' എന്നപേരിലാകും അറിയപ്പെടുക. 'ഉഗ്രമായ കോപം' എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശാവുന്ന അസാനി ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.

ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചേക്കില്ല. ഇടിമിന്നലും കാറ്റും അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

വീണ്ടും ഇരുട്ടടി; പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ