സഭ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ല; നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പ്രചാരണമെന്ന് രമേശ് ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 11:40 AM  |  

Last Updated: 07th May 2022 11:40 AM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

 

കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെ കത്തോലിക്ക സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്തും പുറത്തും വ്യാപകമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല സഭ ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണ്. അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു എന്നത് നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തുന്ന വെറും പ്രചരണം മാത്രമാണ്. മാര്‍ ആലഞ്ചേരി ഏറ്റവും ആദരണീയനായ വ്യക്തിയാണ്. 

കര്‍ദിനാള്‍ അങ്ങനെ ഒരു സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചും ഒരു കാലത്തും ആരോടും പറയുന്ന വ്യക്തിയല്ല. അദ്ദേഹം പണ്ടും പറഞ്ഞിട്ടില്ല, ഇപ്പോഴും പറയില്ല, നാളെയും പറയില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ സിപിഎം രാഷ്ട്രീയപോരാട്ടത്തിന് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതിനിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനും രംഗത്തെത്തി. ഇടതുസ്ഥാനാര്‍ത്ഥിയുടെ സഭാബന്ധം ഉയര്‍ത്തിക്കാട്ടേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ തിരിച്ചടിയാകും. രാഷ്ട്രീയപ്രചാരണമാണ് നടത്തേണ്ടതെന്ന് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. 

സിപിഎമ്മിന് തൃക്കാക്കരയില്‍ വിജയസാധ്യതയില്ല. അതിനാലാണ് അവര്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തി നോക്കുന്നത്. കഴിഞ്ഞതവണ എല്ലിന്റെ ഡോക്ടറെ കൊണ്ടു വന്നു. ഇപ്പോള്‍ മറ്റൊരു ഡോക്ടറെ കൊണ്ടു വന്നിരിക്കുന്നു. അവരങ്ങനെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു സഭയും ഇടപെടാറില്ലെന്നാണ് തന്റെ ബോധ്യമെന്നും ഡൊമിനിക് പ്രസന്റേഷന്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: എതിര്‍പ്പുമായി വൈദികര്‍; 'സഭാസ്ഥാപനത്തെ രാഷ്ട്രീയവേദിയാക്കി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ