ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: എതിര്‍പ്പുമായി വൈദികര്‍; 'സഭാസ്ഥാപനത്തെ രാഷ്ട്രീയവേദിയാക്കി'

'മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്'
ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം/ ഫയല്‍
ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം/ ഫയല്‍

കൊച്ചി: സഭയുടെ ആശുപത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ പ്രഖ്യാപന വേദിയാക്കിയതിനെതിരെ എതിര്‍പ്പുമായി വൈദികര്‍ രംഗത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. സഭ നടത്തുന്ന ലിസി ആശുപത്രിയില്‍ വെച്ചാണ് ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 

കേരളത്തില്‍ ഇതാദ്യമായാണ് സഭ ഒരു രാഷ്ട്രീയപാര്‍ട്ടിക്കോ മുന്നണിക്കോ തങ്ങളുടെ ഇടം ഇത്തരമൊരാവശ്യത്തിനായി തുറന്നു കൊടുക്കുന്നത്. ഇത്തരം വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴയ്ക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും വൈദികര്‍ പറയുന്നു. എന്നാല്‍ ആശുപത്രിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ലെന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫാദര്‍ പോള്‍ കരേടന്‍ പറഞ്ഞു. 

''മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്''

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി കെസിബിസി മുന്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ രംഗത്തുവന്നു. വൈദികര്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹത്തിന്റെ വിമര്‍ശനം. 

ഒരു ബ്രാന്‍ഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫാദര്‍ വള്ളിക്കാട്ടില്‍ ആരോപിച്ചു.  മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്.  രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കേണ്ടത് എന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത് ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത്‌ ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ  രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com