'ഷവർമ സാമ്പിളിൽ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയ സാന്നിധ്യം; നടപടി'- ആരോ​ഗ്യ മന്ത്രി

ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്തു വന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരില്‍ നിന്നു ശേഖരിച്ച ഷവര്‍മ സാമ്പിളിൽ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം കണ്ടെത്തിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇതേ കടയിൽ നിന്നു തന്നെ ശേഖരിച്ച പെപ്പര്‍ പൗഡറിൽ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്നും മന്ത്രി വ്യക്തമാക്കി. 

ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ 'അണ്‍സേഫ്' ആയി സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിനിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 

ഈ മാസം രണ്ട് മുതല്‍ ഇന്നു വരെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗരിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ അഞ്ച് സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. ആറ് പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com