'അത് മതചിഹ്നമല്ല, റെഡ് ക്രോസ് ചിഹ്നം'; വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണം; പി രാജീവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 01:04 PM  |  

Last Updated: 08th May 2022 01:04 PM  |   A+A-   |  

p_rajeev

പി രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്നു

 

കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ ആരോപണങ്ങള്‍ യുഡിഎഫ് അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്. റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇരുന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അത് മതചിഹ്നമല്ലെന്നും രാജീവ് പറഞ്ഞു. വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണം. രാഷ്്ട്രീയം പറയാനില്ലാതെ വല്ലാതെ കിടന്നുരുളകയാണ് പ്രതിപക്ഷ നേതാവ്  പി രാജീവ് പറഞ്ഞു.

സഭയെയും വിശ്വാസത്തെയുമെല്ലാം ഈതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രതിപക്ഷം വളര്‍ത്തിയ ശ്രമം നമ്മുടെ നാട് തിരിച്ചറിയും. വൈദികരില്‍ തര്‍ക്കമുണ്ടാക്കി അതിനെപോലും രാഷ്ട്രീയമാക്കി മാറ്റിയത് നാട് തിരിച്ചറിഞ്ഞപ്പോഴാണ് ഇപ്പോള്‍ ഒരുവിഭാഗം അതിനെതിരെ വരുന്നതെന്ന് രാജീവ് പറഞ്ഞു. മതത്തെയും വിശ്വാസത്തെയും വലിച്ചിഴിച്ച് ഒരുവിഭാഗത്തെ അപകീര്‍ത്തിപ്പടുത്തുന്നത് യുഡിഎഫ് അവസാനിപ്പിക്കണമെന്നും പി രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

താന്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവെന്ന് തെളിയിക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അശ്വമേധമാണ് തൃക്കാക്കര എന്ന് വരുത്താന്‍ ശ്രമിക്കുന്നു. മത പുരോഹിതന്‍മാര്‍ക്ക് എതിരായി കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. ഇടതുപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ സതീശന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസില്‍ താന്‍ പറയുന്നതാണ് അവസാന വാക്ക്, ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ബെന്നി ബെഹനാനോ ഡൊമനിക് പ്രസന്റേഷനോ പ്രസ്‌കതമല്ല എന്ന നിലപാടാണ് സതീശന്. പ്രതിപക്ഷ നേതാവും ഒപ്പമുള്ളവരും ചേര്‍ന്ന് സഭയെ അധിക്ഷേപിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ആശുപത്രിയുടെ ചിഹ്നം പോലും കുരിശ്ശാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന വാദം തെറ്റാണ്.

ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്നു. ഇതില്‍ കൂടുതല്‍ എന്ത് സ്വീകാര്യതയാണ് വേണ്ടത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണയും സ്വീകാര്യതയും ജോ ജോസഫിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ജോ ജോസഫ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയമായി നിലപാടുണ്ട്. ഏറ്റവും വലിയ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും രാജീവ് പറഞ്ഞു.