ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടില്‍; കാവ്യാമാധവനെ ചോദ്യം ചെയ്യുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 01:09 PM  |  

Last Updated: 09th May 2022 01:09 PM  |   A+A-   |  

Kavya Madhavan is questioned

കാവ്യമാധവന്‍

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

രാവിലെ പതിനൊന്നരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിലെത്തിയത്.  കാവ്യ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.

ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്നു വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. 

ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപോകരുതെന്ന് ക്രൈംബ്രാഞ്ച് മേധാവി അന്വേഷണസംഘത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പ്, ആക്രമണത്തിന് ഇരയായ നടിയും, ദിലീപ്, മഞ്ജു വാര്യർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിൽ ചില സൂചനകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 
 

ഈ വാർത്ത കൂടി വായിക്കാം

'ആഴക്കടലിന്റെ...' പാടിത്തീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ