

ആലപ്പുഴ: ആത്മഹത്യാ ഭീഷണി മുഴക്കി പെട്രോൾ നിറച്ച കുപ്പിയുമായി ബിഎസ്എൻഎൽ ടവറിൽ കയറിയ യുവതിയെ കടന്നൽക്കൂട്ടം ആക്രമിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എൻഎൽ ഓഫീസ് അങ്കണത്തിലെ ടവറിലാണ് 23 വയസുകാരിയായ തമിഴ്നാട് സ്വദേശി ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.
കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട യുവതി അലറി വിളിച്ച് സ്വയം താഴെയിറങ്ങി. ഇതോടെ പൊലീസിനും അഗ്നിശമന സേനയ്ക്കും ആശ്വാസമായി. യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ജീവനക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്നിരക്ഷാ സേനാംഗങ്ങൾ ടവറിനു ചുറ്റും വലവിരിച്ചു മുൻകരുതലെടുത്തു.
പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പി താഴെ വീണു. ഇതോടെ ടവറിന്റെ കൂടുതൽ ഉയരത്തിലേക്കു യുവതി കയറാൻ തുടങ്ങി. കടന്നലുണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഈ സമയം കടന്നൽക്കൂട്ടം ഇളകി യുവതിയെ ആക്രമിച്ചതോടെ യുവതി സ്വയം താഴേക്കിറങ്ങി. തുടർന്ന് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചു.
ഭർത്താവുമായി വഴക്കിട്ട് കുഞ്ഞുമായി വീടു വിട്ട യുവതി ആദ്യം തിരൂരിൽ സഹോദരിയുടെ വീട്ടിലാണ് എത്തിയത്. ഭർത്താവ് അവിടെയെത്തി മർദിച്ച ശേഷം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. തിരൂരിൽ നിന്ന് ചാരുംമൂട് പുതുപ്പള്ളിക്കുന്നത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ ശേഷമാണ് കായംകുളത്ത് വന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. തിരൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
