
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടി. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടിച്ചത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല.
പിടിയിലായ ലോ അക്കാദമി ലോ കോളജിൽ ഈവനിങ് കോഴ്സ് വിദ്യാർഥിയായ ആദർശ് പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്പെക്ടറാണ്. ഇയാളിൽ നിന്ന് കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തു. പഠനാവശ്യത്തിനെന്ന പേരിൽ രണ്ടു മാസമായി ഉദ്യോഗസ്ഥൻ അവധിയിലാണെന്ന് ട്രെയിനിങ് കോളജ് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ സർവകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നാണു സൂചന.
കോപ്പിയടി അടക്കമുള്ള ക്രമക്കേടുകൾ തടയാൻ കോളജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കിനിൽക്കെയാണ് കോപ്പിയടി നടന്നത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിവിധ ഹാളുകളിൽ നിന്നാണു നാല് പേർ പിടിയിലായത്. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷാർഥികളിൽ നിന്നു ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിലെടുത്ത ശേഷം സത്യവാങ്മൂലവും എഴുതിവാങ്ങി. പിടിയിലായവരുടെ ഹിയറിങ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates