

മലപ്പുറം: മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ വ്യവസായി ഷൈബിന്‍ അഷ്‌റഫ് അടക്കമുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. സംഭവത്തില്‍ മൈസൂരുവില്‍ നിന്ന് ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നവര്‍ അടക്കം കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ വഴിത്തിരിവായത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളുടെ വെളിപ്പെടുത്തലാണ്. ജീവന്‍ അപകടത്തിലാണെന്നും വ്യവസായി ഷൈബിന്‍ അഷ്‌റഫിന് വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍നിന്നാണ് ഷൈബിന്റെ വീട്ടില്‍ മൈസൂരു സ്വദേശിയെ തടവില്‍ പാര്‍പ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈബിന്‍ അഷ്‌റഫ് അടക്കം നാലുപ്രതികള്‍ പിടിയിലായത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയ നൗഷാദും പ്രതി
പ്രവാസി വ്യവസായിയെ വീട്ടില്‍ കയറി ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയെന്ന കേസിലാണ് നാടകീയ വഴിത്തിരിവിനൊടുവില്‍ പരാതിക്കാരന്‍ ഷൈബിന്‍ അഷ്‌റഫ് തന്നെ അറസ്റ്റിലായത്. ഏപ്രില്‍ 24ന് രാത്രി വീട് ആക്രമിച്ച് ഷൈബിനെ ബന്ദിയാക്കി 7 ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍  ഷൈബിന്റെ സഹായിയായ ബത്തേരി തങ്ങളകത്ത് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷിച്ച 6 പ്രതികളില്‍ 5 പേരാണ് 29ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതില്‍ നൗഷാദും വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഷൈബിന്‍ അഷ്‌റഫിന്റെ കുറ്റകൃത്യങ്ങളില്‍ ഇയാളും പങ്കാളിയാണെന്നും എസ്പി പറഞ്ഞു.
 
വ്യവസായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്. ഷാബാ ഷരീഫിനെ (60) ഒന്നേകാല്‍ വര്‍ഷം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളിയെന്നാണു കേസ്. 2019ല്‍ ഷാബാ ഷരീഫിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂലക്കുരുവിന്റെ ചികിത്സാരഹസ്യം ലഭിക്കുന്നതിനായി ഷാബാ ഷരീഫിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ഒടുവിലായിരുന്നു മരണമെന്നും എസ്പി പറഞ്ഞു. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് ചികിത്സാരഹസ്യം ചോര്‍ത്തിയെടുക്കാനാണ് ഷാബാ ഷരീഫിനെ തടങ്കലില്‍ പാര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പാലത്തിലെത്തിച്ചത് വ്യവസായിയുടെ ആഢംബര കാറില്‍
വൈദ്യന്റെ മൃതദേഹം ചാലിയാറിലേക്ക് എറിഞ്ഞത് എടവണ്ണ പാലത്തില്‍ നിന്നാണ്. മൃതദേഹം കഷണങ്ങളാക്കാന്‍ അറക്കവാളും ഇറച്ചിവെട്ടുന്ന കത്തിയും ഉപയോഗിച്ചു. വിവിധ കവറുകളിലാക്കി മൃതദേഹം പാലത്തിന് മുകളില്‍ എത്തിച്ചത് വ്യവസായിയുടെ ആഢംബര കാറിലാണ്. പ്രവാസി വ്യവസായി ഷൈബിനും ഡ്രൈവര്‍ നിഷാദും ഈ കാറിലാണ് എത്തിയത്. ഇതിനൊപ്പം മറ്റു രണ്ടു കാറുകള്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നൗഷാദ്, ഷിഹാബുദീന്‍ എന്നിവര്‍ മറ്റു രണ്ടു കാറുകളിലാണ് സ്ഥലത്തെത്തിയത്.
അതിനിടെ കേസില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ചാലിയാര്‍ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
