ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍; അധ്യാപകര്‍ രക്ഷിതാക്കളോട് പരാതിപ്പെടുന്നതിന് നിയന്ത്രണം; കരട് സ്‌കൂള്‍ മാന്വല്‍ പുറത്തിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 09:02 AM  |  

Last Updated: 12th May 2022 09:02 AM  |   A+A-   |  

school driver fooling principal

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച്​ വയസായി​​ തന്നെ തുടരുമെന്ന്​ വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി​. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം ആറ്​ വയസ്സിൽ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത്​ നിലവിലെ രീതി തുടരുമെന്ന്​ വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന്​ മൂന്ന്​ മാസത്തെയും പത്താം ക്ലാസിൽ ആറ്​ മാസത്തെയും വയസ്സിളവ്​ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക്​ അനുവദിക്കാം എന്നും കരട് സ്കൂൾ മാന്വലിൽ പറയുന്നു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക്​ ഒരു ഡിവിഷനിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്​, പത്ത്​ ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടി​കൾക്കും പ്രവേശനം നൽകാം. 

കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ പരാതി പറയരുത്‌

കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ അധ്യാപകർ രക്ഷാകർത്താക്കളോട്​ പരാതി പറയരുതെന്നും മാന്വലിൽ പറയുന്നു​. ടി സി ലഭിക്കാൻ​ വൈകിയാൽ അതിന്റെ പേരിൽ പ്രവേശനം നിഷേധിക്കാൻ പാടില്ല. ടി സിയില്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാന അധ്യാപകൻ വിദ്യാർഥി മുമ്പ്​ പഠിച്ചിരുന്ന സ്കൂളിൽ ഇക്കാര്യം അറിയിക്കണം. 'സമ്പൂർണ' സോഫ്​റ്റ്​വെയർ വഴി ടി സി ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്​. 

കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്താതിരിക്കലും ക്ലാസ്​ അധ്യാപകൻറെ ചുമതലയാണ്. പിടിഎ കമ്മിറ്റികളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകർ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവർത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം എന്നും കരട് മാന്വലിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ