'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 08:17 AM  |  

Last Updated: 12th May 2022 08:24 AM  |   A+A-   |  

Manju Warrier throws Dileep's phone in river

ഫയല്‍ ചിത്രം

 

കൊച്ചി; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത്. ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നാണ് സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. 

ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചു. എന്നാൽ അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിൽ പറയുന്നു. ഇതോടെയാണ് ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഫോൺ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാൻ മഞ്ജു തയാറായാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാര്യർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വീട്ടിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. തുടർന്ന് കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴി‍ഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചിരുന്നു. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീ‍ഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമായിരുന്നു ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സംസ്ഥാനത്ത് ഇന്നും കനത്ത മഴ, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ