ഡോക്ടര്‍മാരുടെ ചെരുപ്പ് നിര്‍ബന്ധിച്ച് വൃത്തിയാക്കല്‍, ലൈംഗികാധിക്ഷേപം; ചേര്‍ത്തല എസ്എച്ച് കോളജിന്റെ അംഗീകാരം റദ്ദാക്കി

വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ പരിഗണിച്ചാണ് നഴ്‌സിങ്ങ് കൗണ്‍സിലിന്റെ തീരുമാനം.
ചേര്‍ത്തല എസ്എച്ച് നഴ്‌സിങ്ങ് കോളജ്
ചേര്‍ത്തല എസ്എച്ച് നഴ്‌സിങ്ങ് കോളജ്

ആലപ്പുഴ:ചേര്‍ത്തല എസ്എച്ച് കോളജിന്റെ അംഗീകാരം നഴ്‌സിങ്ങ് കൗണ്‍സില്‍ താത്കാലികമായി റദ്ദാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ പരിഗണിച്ചാണ് നഴ്‌സിങ്ങ് കൗണ്‍സിലിന്റെ തീരുമാനം. വൈസ് പ്രിന്‍സിപ്പലിന്റെ നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാനും തീരുമാനമായി. 

ഇന്ന് ചേര്‍ന്ന നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അടിയന്തരയോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതോടെ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ വിദ്യാര്‍ഥികളെ നഴ്‌സിങ്ങിന് ചേര്‍ക്കാന്‍ കഴിയില്ല. നിലവിലുള്ള വിദ്യാര്‍ഥികളുടെ പഠനത്തെ അഫിലിയേഷന്‍ റദ്ദാക്കിയത് ബാധിക്കില്ലെന്നും കൗണ്‍സില്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രീത മേരിയ്‌ക്കെതിരെയും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. കൂടാതെ കോളജ് അധികൃതരോട് പ്രീതി മേരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ നഴ്‌സിങ്ങ് കോളജില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കാനും നഴ്‌സിങ്ങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

ചേര്‍ത്തല എസ്എച്ച് നഴ്‌സിങ്ങ്  കോളജിലെ  വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു. 
വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേര്‍ത്തല എസ്എച്ച് നഴ്‌സിങ്ങ്് കോളജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്‌സിങ്ങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. 

'ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതി'.  നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ആറാം തിയതി കോളേജില്‍ നടത്തിയ പരിശോധനയില്‍ മൂന്നാം വര്‍ഷ, നാലാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍  പറഞ്ഞ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.  

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണം. മൊബൈല്‍ ഫോണ്‍ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂര്‍ മാത്രമാണ്. ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ടു മുറിയിലേക്ക് മാറ്റുമെന്നും വിദ്യാര്‍ഥികള്‍  പരാതി നല്‍കിയിരുന്നു

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com