പിണറായി കുലംകുത്തികളെ സ്വീകരിക്കുന്ന തിരക്കില്‍; കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു: വി ഡി സതീശന്‍

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത് സൗഭാഗ്യമായിപ്പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമാണ്
വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
Updated on
2 min read

കൊച്ചി: കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെ. പിണറായി വിജയന്‍ കുലംകുത്തികളെ മാലയിട്ടും ഷാളണിയിച്ചും സ്വീകരിക്കുന്ന തിരക്കിലാണ്. കെ വി തോമസിനെതിരെ തൃക്കാക്കരയില്‍ പ്രതിഷേധം ഉയരും. എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകും. കൂടുതല്‍ വോട്ടുകള്‍ യുഡിഎഫിന് കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കെ വി തോമസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവജ്ഞയും പുച്ഛവുമാണ്. അതേ അവജ്ഞയോടും പുച്ഛത്തോടുമാണ് സിപിഎം പ്രവര്‍ത്തകരും കെവി തോമസിനെ കാണുന്നത്. മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടാന്‍ യുഡിഎഫ് എംപിമാര്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ഹൈബി ഈഡന്‍ രണ്ടു തവണ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു. എറണാകുളത്തെ ചില ആളുകള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മെട്രോ റെയില്‍ എക്‌സ്‌റ്റെന്‍ഷനു വേണ്ടി ആറുവര്‍ഷക്കാലം ചെറുവിലല്‍ അനക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാരിന് താത്പര്യം കമ്മീഷന്‍ റെയില്‍ ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ചുറ്റും പ്രവര്‍ത്തിക്കുന്ന ഉപജാപകവൃന്ദമാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവും : വി ഡി സതീശൻ

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത് സൗഭാഗ്യമായിപ്പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമാണ്. അദ്ദേഹം ഇരിക്കുന്ന പദവിക്ക് ചേരാത്ത പ്രയോഗമാണത്. 2021 ല്‍ പി ടി തോമസിനെ വിജയിപ്പിച്ചത് ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്നും, ഇപ്പോള്‍ പി ടി തോമസ് മരിച്ചതുകൊണ്ട് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സൗഭാഗ്യം വന്നെന്നും കേരളത്തിലെ മുഖ്യമന്ത്രി പറയുന്നു. ഈ പ്രസ്താവന കേട്ട് കേരളം മുഴുവന്‍ അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. 

കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്നും നിന്ദ്യമായ പ്രയോഗം ഉണ്ടായത് വളരെയേറെ ദൗര്‍ഭാഗ്യകരമായിപ്പോയി. യുഡിഎഫിന്റെ നിയമസഭയിലെ കുന്തമുനയായിരുന്നു പി ടി തോമസ്. സര്‍ക്കാരിനെതിരെ പലപ്പോഴും സഭയില്‍ ശക്തിയുക്തം വാദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയിട്ടുണ്ട്. ആ വിരോധം മനസ്സില്‍ വെച്ചുകൊണ്ടാകും മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരനാറി, കുലംകുത്തി തുടങ്ങിയ പദപ്രയോഗങ്ങള്‍ നടത്തുന്നതില്‍ വിദഗ്ധനാണല്ലോ മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു. 

25 ലക്ഷത്തില്‍ കൂടുതലുള്ള ചെക്ക് പോലും പാസ്സാകാതെ, കേരളം സമീപകാലത്തു കണ്ട ദൗര്‍ഭാഗ്യകരമായ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. അടുത്തമാസം ശമ്പളം പോലും കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറയുന്നത്. അപ്പോഴാണ് രണ്ടുലക്ഷം കോടിയുടെ കമ്മീഷന്‍ റെയിലുമായി മുഖ്യമന്ത്രി വരുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 

കേരളത്തില്‍ ക്രമസമാധാന നിലയും തകര്‍ന്നു. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ധിച്ചു. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കോറിഡോറായി മാറിക്കഴിഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ സംരക്ഷകരായി സിപിഎം മാറിയിരിക്കുകയാണ്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com