തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം ബി.ബബിത നിര്‍ദേശം നല്‍കി.
പെണ്‍കുട്ടികളുടെ കായിക പരിശീലന സമയത്ത് നിര്‍ബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേല്‍നോട്ടം ഉറപ്പാക്കണം. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം. രാത്രി സമയങ്ങളില്‍ പുരുഷ പരിശീലകര്‍ പരിശീലനം നല്‍കുമ്പോള്‍ വനിതാ അധ്യാപികമാരുടെയോ മറ്റോ സാന്നിധ്യം ഉറപ്പാക്കണം. കായിക പരിശീലകന്‍ കുട്ടികളോട് പൂര്‍ണമായും ശിശുസൗഹാര്‍ദ്ദമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം.
കായിക പരിശീലകരായ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, അവരുടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രധാന അധ്യാപകനും, കായിക താരങ്ങളായ കുട്ടികളും, അവരുടെ രക്ഷിതാക്കളും, സ്‌കൂള്‍ കൗണ്‍സിലറും ഉള്‍പ്പെടുന്ന പരാതി പരിഹാര സമിതി രൂപികരിക്കണം. ദൂരെ സ്ഥലങ്ങളില്‍ കായിക മത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടികളുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാന്‍ വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഏതെങ്കിലും വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചാല്‍ ഉടന്‍ പോലീസിന് കൈമാറണം. ശുപാര്‍ശകളില്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടി രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates