'ഉടമകൾ അനുവദിച്ച സ്ഥലങ്ങളിൽ കല്ലിടും; തർക്കമുണ്ടായാൽ ജിയോ ടാഗ്' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 07:27 PM  |  

Last Updated: 16th May 2022 07:27 PM  |   A+A-   |  

k_rail

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: കെ റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ റെയിൽ മുന്നോട്ട് വെച്ചതെന്ന് മന്ത്രി പറഞ്ഞു. മൂന്നിനും അംഗീകാരം നല്‍കിയതായും മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. 

സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ റെയിൽ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതിൽ ഒന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നൽകണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജൻസി ആവശ്യപ്പെട്ടത്. 

സാമൂഹികാഘാത പഠനത്തിന്റെ വേഗം വർധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളിൽ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളത്. സാമൂഹികാഘാത പഠനത്തിന് സാധാരണ നിലയിൽ അനുവദിക്കപ്പെട്ട സമയത്തിന്റെ വലിയ ഒരു ഭാഗം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അത് വേഗതയിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മൂന്ന് കാര്യങ്ങൾ ഒരു പോലെ നടത്താൻ അവസരം ഉണ്ടാകണമെന്നാണ് കെ റെയിൽ ആവശ്യപ്പെട്ടത്. അതിനുള്ള അനുമതിയാണ് നിലവിൽ നൽകിയിരിക്കുന്നത്.

കെ റെയിൽ പ്രവർത്തനം വേഗതയിൽ ആക്കണമെങ്കിൽ സാമൂഹികാഘാത പഠനം വേഗതയിലാക്കണം. സാമൂഹികാഘാത പഠനം നടത്തുന്നത് ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന ആഘാതം എത്രയാണ് എന്ന് അറിയാൻ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കാം

കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; അന്വേഷണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ