ആലപ്പുഴ; തിങ്കളാഴ്ച രാത്രി തോട്ടിൽ വലവീശാൻ ഇറങ്ങിയതാണ് രാജൻ. മഴയിൽ നല്ല മീനിനെ പ്രതീക്ഷിച്ച് വല എറിഞ്ഞ രാജന്റെ വലയിൽ കുടുങ്ങിയത് ഒരു ഗ്രനേഡ് ആയിരുന്നു. കട്ടിയുള്ള വസ്തു വലയിൽകുടുങ്ങിയപ്പോൾ സംശയംതോന്നിയ രാജൻ, അടുത്തുള്ള പട്ടാളക്കാരായ സുഹൃത്തുക്കളെ വിളിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ഉഗ്രശേഷിയുള്ള ഗ്രനേഡാണ് വലയിൽ കയറിയത് എന്ന് മനസിലായത്. തുടർന്ന് ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി.
തെക്കേക്കര വസൂരിമാല ക്ഷേത്രത്തിനു തെക്കുള്ള തൊടിയൂർ-കണ്ടിയൂർ ആറാട്ടുകടവ് ടി.എ. കനാലിൽ വലവീശുന്നതിനിടെയാണു ഗ്രനേഡ് ലഭിച്ചത്. പിന്നോടു കൂടിയതായിരുന്നു ഗ്രനേഡ്. ഗ്രനേഡാണെന്ന് മനസിലാക്കിയതോടെ പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും കുറത്തികാട് പോലീസെത്തി ഗ്രനേഡ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു.
ഒൻപതുമീറ്റർ ചുറ്റളവിൽ പൂർണ നാശമുണ്ടാക്കാൻ കഴിയുന്ന, 248 മീറ്ററോളം അപകടപരിധിയുള്ള ഗ്രനേഡാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയതിനാൽ പൂർണശേഷിയിലുള്ള സ്ഫോടനമുണ്ടായില്ല. വലിയശബ്ദവും 30 മീറ്റർ ഭാഗത്തോളം മർദവും അനുഭവപ്പെട്ടു. ആദ്യം സ്റ്റേഷൻ പരിസരത്തെ മൈതാനത്തുവെച്ചു നിർവീര്യമാക്കാൻ തീരുമാനിച്ചെങ്കിലും പ്രഹരശേഷി കണക്കിലെടുത്തു തീരുമാനം മാറ്റി. തുടർന്ന് ബോംബ് സ്ക്വാഡെത്തി കോമല്ലൂർ വെട്ടിക്കോട് പുഞ്ചയിൽവെച്ചു കനത്ത സുരക്ഷാസംവിധാനത്തോടെ ഗ്രനേഡ് നിർവീര്യമാക്കി.
ഗ്രനേഡ് ഇന്ത്യൻ നിർമിതമാണോ വിദേശ നിർമിതമാണോയെന്നു കണ്ടെത്താനായില്ല. ചളിയും തുരുമ്പും പറ്റിപ്പിടിച്ചിരുന്നതിനാൽ വിശദാംശങ്ങൾ കൃത്യമായി തിരിച്ചറിയാനായില്ല. അപകടസാധ്യത കണക്കിലെടുത്തു പുറംഭാഗം വൃത്തിയാക്കാതെ തന്നെ നിർവീര്യമാക്കുകയായിരുന്നു. ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്കായി അയക്കും.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates