മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചന്‍‌ തോമസിന് ശാസന മാത്രം

നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നും നിര്‍ദേശമുണ്ട്
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍‌ തോമസിന് എതിരായ നടപടി ശാസനയില്‍ ഒതുങ്ങി. വനം വകുപ്പ് നടത്തിയ  അന്വേഷണത്തിനൊടുവിലാണ് നടപടി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് നേരത്തെ വിവാദമായിരുന്നു.

വിവാദമായതിന് പിന്നാലെ ബെന്നിച്ചന്‍ തോമസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. അദ്ദേഹത്തെ പിന്നീട് തിരിച്ചെടുത്തിരുന്നു. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. 

ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മന്ത്രിസഭ വിലയിരുത്തിയിരുന്നു. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും അന്ന് വിലയിരുത്തലുണ്ടായിരുന്നു.

ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിനു ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ചേംബറില്‍ വിളിച്ച യോഗത്തിലാണു മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍, മരങ്ങള്‍ മുറിച്ചുനീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com