വിജയ് ബാബു ജോര്‍ജിയയില്‍?; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 05:30 PM  |  

Last Updated: 20th May 2022 05:38 PM  |   A+A-   |  

VIJAY BABU

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.

നേരത്തെ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.

ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. നേരത്തെ വിജയ് ബാബു യുഎഇയില്‍ ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 
പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ്ബാബു കടന്നേക്കുമെന്ന് സംശയം ബലപ്പെട്ടിരുന്നു. പാസ്പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും എന്നതു കണക്കിലെടുത്താണ് വിജയ് ബാബുവിന്റെ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനും വിജയ് ബാബു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കൊച്ചിയിന്‍ വന്‍ ലഹരിവേട്ട; 1500 കോടിയുടെ ഹെറോയിന്‍ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ