'പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും, കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീത്'; കുറിപ്പുമായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 07:26 PM  |  

Last Updated: 24th May 2022 07:26 PM  |   A+A-   |  

VISMAYA CASE

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയ്ക്ക് നീതി ലഭിച്ചതില്‍ അഭിമാനിക്കുന്നെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് കേരളാ പൊലീസിന്റെ പ്രതികരണം. കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പൊന്നുപോലെ വളര്‍ത്തി,  സമ്പാദ്യമെല്ലാം നല്‍കി വിവാഹം ചെയ്ത് അയക്കുന്ന തങ്ങളുടെ പെണ്‍മക്കള്‍ ഭര്‍തൃകുടുംബത്തില്‍ സ്ത്രീധന പീഡനത്തിന് വിധേയയാകുന്നത് കണ്ണീരോടെ സഹിക്കേണ്ടിവരുകയാണ് പലമാതാപിതാക്കളും. 
പഴുതടച്ച അന്വേഷണത്തിലൂടെ  80ാം ദിവസം കുറ്റപത്രം നല്‍കി  വിസ്മയക്ക് നീതി ഉറപ്പാക്കി കേരള പോലീസ്. ദക്ഷിണമേഖല ഐജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി IPS ന്റെ  മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ശ്രീ. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.
നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം,  വിസ്മയുടെ ദാരുണാന്ത്യം  കഴിഞ്ഞ് 11 മാസം  പൂര്‍ത്തിയാകുമ്പോഴാണ് വിധി വരുന്നത്. സ്ത്രീധനത്തിനായുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. 
വിസ്മയക്ക് നീതി കിട്ടിയതില്‍ കേരള പോലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും  മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സര്‍ക്കാരിന് കൈവിറയല്‍ ഇല്ല, എന്നും അതിജീവിതയ്‌ക്കൊപ്പം; കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലന്ന് പിണറായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ