നടിയുടെ ഹര്‍ജി ദുരൂഹം; സര്‍ക്കാരിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ നല്‍കട്ടെ: കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ്, ബിജെപി ഓഫീസില്‍ പോയി വോട്ടഭ്യര്‍ത്ഥിച്ച തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയെടുക്കുമോ
kodiyeri
kodiyeri
Updated on
2 min read

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ  സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി അതിജീവിതയായ നടി ഹര്‍ജി നല്‍കിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ യുക്തി സംശയകരമാണെന്നും നടി ഉന്നയിച്ച് ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും അതീജീവിതയ്‌ക്കൊപ്പമാണ്. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും നല്‍കും. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയെ എല്ലാവരും പ്രശംസിച്ചതാണ്. നടിയുടെ ഇപ്പോഴത്തെ ഹര്‍ജിയ്ക്ക് പിന്നില്‍ ആരാണ് ഉള്ളതെന്ന് പറയാന്‍ കഴിയില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.  

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്‍പില്‍ കണ്ടാണ് അതിജീവിതയുടെ പ്രശ്‌നമുയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് നടക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറും. അതിജീവിത ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസികൂട്ടറാക്കാമെന്നു പറഞ്ഞ സര്‍ക്കാരാണിത്. അവര്‍ പറഞ്ഞാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. അതിജീവിതയുടെ താത്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും കോടിയേരി പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. കേസുമായി ബന്ധപ്പെട്ട് എന്ത് വീഴ്ചയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ് മറ്റൊരു കേസ് ഉയര്‍ന്നുവന്നത്. അതാണ് ഈ കേസിന്റെ ഗതിതന്നെ മാറ്റിയിട്ടുള്ളത്. അല്ലെങ്കില്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സര്‍ക്കാരാണ് കേരളത്തിലെ ഗവണ്‍മെന്റ്. അതിജീവിതയ്‌ക്കൊപ്പം നിന്ന സര്‍ക്കാരിനെ അവര്‍ അധിക്ഷേപിച്ചത് ശരിയാണോ?.  ആ പരിപാടിയില്‍ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ നല്‍കിയ സന്ദേശം അതിജീവിതയ്‌ക്കൊപ്പമാണെന്നതാണ്. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രചാരവേലയ്ക്ക് അല്‍പായുസേ ഉണ്ടാകു. നടിയുടെ ഹര്‍ജി കോടതി പരിഗണിക്കട്ടെ. അഭിഭാഷകന്‍മാര്‍ക്ക് എല്ലാ നേതാക്കന്‍മാരുമായി ബന്ധമുണ്ടാകും. അവര്‍ ഒരു പാര്‍ട്ടിയുടെയും ആളുകളല്ല. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട കാര്യം അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടും. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടായി. ഡോക്ടര്‍ ജോ ജോസഫിന് അനുകൂലമായ നല്ല പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതെല്ലാം വോട്ടായി മാറ്റാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും മണ്ഡലത്തില്‍ നടക്കുന്നു. എന്നാല്‍ എല്‍ഡിഎഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി ഓഫീസില്‍ പോയി കുമ്മനം രാജശേഖരനോട് വോട്ടഭ്യാര്‍ത്ഥിച്ചത് കോണ്‍ഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും കൂട്ടിയാലോചിച്ച് നടത്തിയ പ്രവര്‍ത്തനമാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ്, ബിജെപി ഓഫീസില്‍ പോയി വോട്ടഭ്യര്‍ത്ഥിച്ച തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തൃപ്പൂണിത്തുറയില്‍ രണ്ട് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. അതിന്റെ പ്രത്യുപകാരമായി കുറേ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുമായി മാത്രമല്ല എസ്ഡിപിഐയുമായെയും കൂടെനിര്‍ത്തി വിശാല ഇടതുവിരുദ്ധ മുന്നണി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ ഒന്നും വിജയിക്കാന്‍ പോവുന്നില്ല. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വിദ്യാസമ്പന്നരും രാഷ്ട്രീയ കാഴ്പാടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങള്‍ പരാജയപ്പെടുത്തി ഡോ ജോ ജോസഫ് തൃക്കാക്കരയില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com