മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കില്ല, ഹര്‍ജി തള്ളി, പ്രോസിക്യൂഷന്‍ അറിഞ്ഞില്ല, വിധിപ്പകര്‍പ്പ് അയച്ചിട്ടുണ്ടെന്ന് കോടതി

ഇത്തരമൊരു വിധി വന്നകാര്യം പ്രോസിക്യൂഷന്‍ അറിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂട്ടര്‍
കേസിലെ പ്രതി ദിലീപ്/ഫയല്‍
കേസിലെ പ്രതി ദിലീപ്/ഫയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി. മെമ്മറി കാര്‍ഡ് ഒരിക്കല്‍ പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധന്റെ മൊഴി വിചാരണക്കോടതി വിശദമായി രേഖപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി അന്വേഷണസംഘത്തിന്റെ ആവശ്യം തള്ളിയത്. 

മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ തള്ളി കഴിഞ്ഞ 9നു വിധി പറഞ്ഞതാണെന്നു കോടതി അറിയിച്ചു. എന്നാല്‍ ഇത്തരമൊരു വിധി വന്നകാര്യം പ്രോസിക്യൂഷന്‍ അറിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. വിധിപ്പകര്‍പ്പ് കേസന്വേഷിച്ച നെടുമ്പാശേരി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ പേരില്‍ അയച്ചിട്ടുണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം. 

കേസില്‍ ലാബ് വിദഗ്ധനെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചതിനു ശേഷമാണ് കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ പ്രതിഭാഗം ചോര്‍ത്തിയതായും ഇത് എട്ടാം പ്രതി ദിലീപ് അടക്കമുള്ളവര്‍ കണ്ടതായുമുള്ള സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്. തുടരന്വേഷണത്തില്‍ ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികള്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായുള്ള ആരോപണം ശരിവയ്ക്കുന്ന സാഹചര്യ തെളിവുകളും പൊലീസിനു ലഭിച്ചു. ഈ സാഹചര്യത്തിലാണു മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. 

പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാനും വിചാരണക്കോടതിയെ സ്വാധീനിക്കാനും ശ്രമിക്കുന്നതിന്റെ തെളിവായി ശേഖരിച്ച ശബ്ദരേഖകള്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവ തുറന്ന കോടതിയില്‍ കേള്‍പ്പിച്ചു. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി 31നു വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദവും കോടതി അന്നു കേള്‍ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com