നടിയെ ആക്രമിച്ച കേസ്: മൂന്നുമാസം കൂടി സമയം ചോദിക്കാന്‍ ക്രൈംബ്രാഞ്ച്; നടിയുടെ ഹര്‍ജിയും ഹൈക്കോടതിയില്‍

ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും. മൂന്നുമാസം കൂടി സമയം വേണമെന്നാകും ആവശ്യപ്പെടുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. 

ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ, ആക്രമണത്തിനിരയായ നടി ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ച് തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 

നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയംതേടാന്‍ ഒരുങ്ങുന്നത്. ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചു വരുത്തി മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കി. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം നടത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഓഡിയോ-വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ട് എന്നും വ്യക്തമാക്കും. 

കേസ് അട്ടിമറിക്കുന്നു എന്ന ഹർജി ഇന്ന് പരി​ഗണിക്കും

അതിനിടെ, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം  സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. 

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി  ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ നടി ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു. കേസില്‍ ധൃതിപിടിച്ച് കുറ്റപത്രം നല്‍കുന്നത്  തടയണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com