സാഹിത്യകാരൻ ടി പി രാജീവൻ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 06:26 AM  |  

Last Updated: 03rd November 2022 06:42 AM  |   A+A-   |  

tp_rajeevan

ഫയല്‍ ചിത്രം

 

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ ടി പി രാജീവൻ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. ഇന്നു രാവിലെ 9 മുതൽ 11 വരെ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫിസറായും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയായിരുന്ന കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടി പി രാജീവന്റെ പ്രശസ്ത നോവലുകള്‍.

കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.  ഇംഗ്ലിഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പുറപ്പെട്ടു പോയ വാക്ക്’ എന്ന യാത്രാവിവരണവും ‘അതേ ആകാശം അതേ ഭൂമി’, ‘വാക്കും വിത്തും’ എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959-ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്.  2014 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. പി ആർ സാധനയാണ് ഭാര്യ. ശ്രീദേവി, പാർവതി എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂടും; അഞ്ചുശതമാനം വരെ വര്‍ധന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ