കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിച്ചേനെ, കുറ്റകരമായ നരഹത്യാ ശ്രമം; പ്രതി 14 ദിവസം റിമാൻഡിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 06:19 PM  |  

Last Updated: 04th November 2022 06:19 PM  |   A+A-   |  

shehsad

ശിഹ്ഷാദ്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

 

കണ്ണൂർ: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ് ശിഹ്ഷാദ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുഞ്ഞ് ഓടിവരുമ്പോള്‍ എതൊരു അമ്മയും എടുക്കില്ലേ...?; കലക്ടര്‍ക്ക് പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ