പന്നികളെ കൊണ്ടുപോവുന്നതിനു നിയന്ത്രണം, വാഹനം പിടിച്ചെടുക്കും; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th November 2022 08:50 AM  |  

Last Updated: 05th November 2022 08:50 AM  |   A+A-   |  

swine flu

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ മൃഗസംരക്ഷണ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു. 

സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പന്നികള്‍ക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സര്‍ജന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ നിര്‍ബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും. നിരോധനം ലംഘിച്ച് അതിര്‍ത്തി കടന്ന് പന്നികളുടെ കടത്ത് പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും അതിര്‍ത്തികളില്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ നിയോഗിക്കും.

നിരോധനം ലംഘിച്ചു കടത്ത് നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും, നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് വാഹന ഉടമയില്‍ നിന്നോ, പന്നികളുടെ ഉടമസ്ഥരില്‍ നിന്നോ, പന്നികളുടെ ഉടമസ്ഥരില്‍ നിന്നോ പന്നികള്‍  കൊണ്ടുവരുന്ന കേരളത്തിലെ കച്ചവടക്കാരില്‍ നിന്നോ ഈടാക്കുന്നതാണ്.

നിലവിലുള്ള നിരോധനം ലംഘിച്ച്  സംസ്ഥാനത്തിന് പുറത്തു നിന്നും പന്നികളെ കൊണ്ടുവരുന്ന കേസുകളില്‍ പന്നികളെ കയറ്റി അയച്ച വ്യക്തി/ സ്ഥാപനം അത് ആര്‍ക്കാണോ അയച്ചിട്ടുള്ളത് ഈ രണ്ട് കൂട്ടര്‍ക്കും എതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളും.

ക്വാറന്റൈന്‍ കാലാവധി പരിശോധന നടത്തി അസുഖം ഉണ്ടെന്ന് തെളിഞ്ഞാല്‍ അവയെ മുഴുവന്‍ ദയാവധം നടത്തുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും അതിനുള്ള ചെലവ് നടത്തുന്ന വാഹന ഉടമയില്‍ നിന്നോ,  ഉടമസ്ഥരില്‍ നിന്നോ ഈടാക്കും.

മൃഗങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയും സംക്രമിക രോഗങ്ങളും തടയല്‍ നിയമം (2009) പ്രകാരം ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ മുഴുവന്‍ പന്നികളെയും ദയാവധം നടത്തി നഷ്ടപരിഹാരം കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. നാളിതുവരെ 1,33,00,351  രൂപ നഷ്ടപരിഹാരവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി  നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാന്‍ പൊലീസുകാരന് അവധി നല്‍കിയില്ല; റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ