വാഗമണില്‍ വിദ്യാര്‍ത്ഥി കൊക്കയില്‍ വീണു; രക്ഷപ്പെടാനായി നടന്നത് കിലോമീറ്ററോളം, ഒടുവില്‍ സുരക്ഷിത കരങ്ങളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 08:11 PM  |  

Last Updated: 06th November 2022 08:11 PM  |   A+A-   |  

vagamon

വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തുന്നു

 

ഈരാറ്റുപേട്ട: വാഗമണ്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് കോയമ്പത്തൂര്‍ ശരവണപ്പെട്ടി കുമാരഗുരു എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിയായ സഞ്ജയ് ആണ് അപകടത്തില്‍പെട്ടത്.

വാഗമണ്‍ കാരികാട് ഭാഗത്ത് ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോളജില്‍നിന്ന് സഞ്ജയ് ഉള്‍പ്പെടെ 41 പേരടങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് കഴിഞ്ഞദിവസം വാഗമണ്ണിലെത്തിയത്. ഞായറാഴ്ച രാവിലെ സംഘം മടങ്ങുന്നതിനിടെ കാരികാട് ടോപ്പില്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിനിടെ സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടെ കൊക്കയുടെ വശത്തെ തിട്ടയില്‍ തങ്ങിനിന്നതിനാല്‍ വന്‍ഗര്‍ത്തത്തിലേക്ക് പതിച്ചില്ല. ഇതാണ് സഞ്ജയ്ക്ക് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു. 

സഞ്ജയ് ഇവിടെനിന്ന് ഇറങ്ങി വിജനമായ പ്രദേശത്തുകൂടി നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരുകിലോമീറ്ററോളം പരിക്കുമായി ഇയാള്‍ നടന്നതായും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷ സേനയും പൊലീസും തീക്കോയി പഞ്ചായത്ത് മെമ്പര്‍ രതീഷും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു കിലോമീറ്റര്‍ അകലെനിന്ന് ഇയാളെ കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. നടുവിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ