സാമ്പത്തിക സംവരണം: വിധി സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും; ആശങ്കപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ്; പഠിച്ചശേഷം പ്രതികരണമെന്ന് വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 12:47 PM  |  

Last Updated: 07th November 2022 12:47 PM  |   A+A-   |  

sukumaran_nair

ജി സുകുമാരന്‍ നായര്‍, പി കെ കുഞ്ഞാലിക്കുട്ടി/ ഫയല്‍

 

തിരുവനന്തപുരം: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും. എന്‍എസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും സംവരണം എന്നതാണ് എന്‍എസ്എസിന്റെ നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

സാമൂഹിക നീതിയുടെ വിജയമാണിതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള കോടതി വിധിയെ ബ്രാഹ്ണ സമാജവും ആര്‍എസ്പിയും സ്വാഗതം ചെയ്തു. അതേസമയം സുപ്രീംകോടതി വിധിയില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

അതേസമയം സുപ്രീംകോടതി വിധിയെ മുസ്ലിം ലീഗ് എതിര്‍ത്തു. സാമ്പത്തിക സംവരണ വിധി ആശങ്കപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകളായി നിലനിന്ന ജാതീയ വിവേചനമാണ് സംവരണത്തിന് അടിസ്ഥാനം. സാമൂഹിക നീതിക്ക് വേണ്ടി ജാതി വിവേചനത്തിന് എതിരാണ് സംവരണം എന്നാണ് മുസ്ലിം ലീഗ് നിലപാട്. വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.  സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

ഭൂരിപക്ഷ വിധിയിലൂടെയാണ്, സുപ്രീം കോടതി ഏറെ വിവാദമുണ്ടായ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കിയത്. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഭരണഘടനാ ഭേദഗതി റദ്ദാക്കി. എന്നാല്‍ ജസ്റ്റിസുമാരായ ദനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെബി പര്‍ദിവാല എന്നിവര്‍ ഭേദഗതി ശരിവച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് വാദം കേട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

3-2 ഭൂരിപക്ഷ വിധി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ