വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th November 2022 04:13 PM  |  

Last Updated: 08th November 2022 04:13 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഗവര്‍ണര്‍ക്കു ഹൈക്കോടതി നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാവും വരെ തുടര്‍ നടപടി വിലക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

ഇന്നു വിസിമാരുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതിനെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വിമര്‍ശിച്ചു. പരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നു ദിവസം കൂടി വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്ത 17ന് പരിഗണിക്കും.

വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.

നോട്ടീസില്‍ മറുപടി നല്‍കാന്‍ അനുവദിച്ച സമയ പരിധി ഇന്നലെ വൈകീട്ട് അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വിസിമാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു, ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണമെന്ന് കെ മുരളീധരന്‍; ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്ന് എല്‍ഡിഎഫ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ