പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു, ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണമെന്ന് കെ മുരളീധരന്‍; ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്ന് എല്‍ഡിഎഫ്

സാമാന്യ മര്യാദ പാലിക്കാത്ത ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫും കോണ്‍ഗ്രസ് നേതാക്കളും. ഗവര്‍ണര്‍ പദവിയുടെ മാന്യത കളഞ്ഞു കുളിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തി. ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണം. ആരിഫ് മുഹമ്മദ് ഖാന്‍ പിപ്പിടി വിദ്യ കാട്ടുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 

രാഷ്ട്രീയത്തിന്റെ പേരില്‍ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

സാമാന്യ മര്യാദ പാലിക്കാത്ത ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് ഭരിക്കാന്‍ അവകാശമുണ്ട്. എന്തും പറയും എന്നതാണ് ഗവര്‍ണറുടെ നിലപാട്. അത് നല്ലതല്ല. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ആരും ബഹുമാനിക്കില്ലെന്നും എം കെ രാഘവന്‍ പറഞ്ഞു.

അതിനിടെ, ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത്  എല്‍ഡിഎഫ് ലഘുലേഖ പുറത്തിറക്കി. ഉന്നത വിദ്യാസംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ ഇറക്കിയിട്ടുള്ളത്. ഈ ലഘുലേഖകള്‍ സംസ്ഥാനത്തെമ്പാടുമുള്ള വീടുകളില്‍  ഇടതുമുന്നണി പ്രവര്‍ത്തകര്‍ എത്തിച്ചു തുടങ്ങി. 

ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. ധനമന്ത്രിയെ തിരിച്ച് വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമാണ്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുചരന്‍മാരെ നിയമിക്കാനാണ് നീക്കം. ഫയലുകള്‍ ചാന്‍സിലറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു. ആറ് കോടി രൂപയുടെ ചാന്‍സിലേഴ്‌സ് ട്രോഫി നഷ്ടപ്പെടുത്തിയെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com