സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; സഹോദരന്റെ മൊഴി, ആത്മഹത്യയിലും അന്വേഷണം

 ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി
സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു
സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരന്‍ പ്രശാന്ത് െൈക്രബ്രാഞ്ചിന് മൊഴി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. 

തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തി. അനുജന്‍ മരിക്കുന്നതിന് കുറച്ചുദിവസം മുന്‍പ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പ്രകാശ് അസ്വസ്ഥനായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിലുള്ള യുവാവിനെ കഴിഞ്ഞവര്‍ഷം െൈക്രബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് അസ്വസ്ഥനായതെന്നും തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പറഞ്ഞു. 

മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രകാശ് വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ വന്നാലും കുണ്ടമണ്‍ കടവിലുള്ള കൂട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഈ കൂട്ടകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മരിക്കുന്നതിന് മുന്‍പ് ഇവര്‍ പ്രകാശിനെ മര്‍ദിച്ചിരുന്നതായും പ്രശാന്ത് ആരോപിക്കുന്നു. 

തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് തെളിവുകള്‍ ലഭിച്ചിരുന്നതായും കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് തന്നെ വിളിച്ചു വരുത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
ആത്മഹത്യ ചെയ്ത പ്രകാശ് ആശ്രമത്തില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. 

2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com