നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും, രണ്ട് സാക്ഷികളെ വിസ്തരിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 07:51 AM  |  

Last Updated: 10th November 2022 07:51 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 11 മാസത്തെ ഇടവേളയ്ക്ക് ശേഷം വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമൻസ് അയച്ചിരുന്നു. ഇന്ന് രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ ആറു വരെ വിസ്തരിക്കേണ്ടവരുടെ പട്ടികയാണ് തയാറായിട്ടുള്ളത്.

നടി മഞ്ജു വാര്യർ, കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവരെ നേരത്തേ വിസ്തരിച്ചെന്ന സാങ്കേതിക കാരണത്താൽ തൽക്കാലം വിസ്തരിക്കില്ല. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്‌ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെകൂടി വാദം കേട്ടശേഷമേ തീരുമാനമെടുക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്. 

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ദിലീപിൻറെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശം നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ബ്ലാക്ക് ലേബലില്‍ സ്വര്‍ണം'; മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ചത് 73 പവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ