'ശ്യാമ പ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്യുമ്പോള്‍ നെഹ്റു ആയിരുന്നു പ്രധാനമന്ത്രി, അതുപോലും അറിയില്ല'; സുധാകരനെതിരെ മുഖ്യമന്ത്രി 

നെഹ്റുവിനെ ചാരി തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി
കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍
കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍
Updated on
2 min read

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.'വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെ'ന്നാണ് കെ സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

കുറിപ്പ്:

നെഹ്റുവിനെ ചാരി തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. 'വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെ'ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?
തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. 1947 ഡിസംബര്‍ 7-ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍എസ്എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: ''ആര്‍എസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.' മറ്റൊരു കത്തില്‍, ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍   അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍: ' ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.  നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.' എന്നാണ് നെഹ്റു എഴുതിയത്.
ആര്‍ട്ടിക്കിള്‍ 370 നെ എതിര്‍ത്ത് 1953 ല്‍  കശ്മീരില്‍ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും  ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത്  അത്ഭുതകരമാണ്.
കോണ്‍ഗ്രസ്സില്‍ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വര്‍ഗീയ വാദികളും ആര്‍എസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയ കോണ്‍ഗ്രസ്സ് നടപടിയില്‍ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖര്‍ജിയെയും ഡോക്ടര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്. 
തനിക്കു തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍എസ്എസ് ശാഖയ്ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹര്‍ലാല്‍ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്റുവിനെ ആര്‍എസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസ്സിന്റെ നയം എന്ന് അവര്‍ തന്നെ വ്യക്തമാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com