ഗവര്‍ണറുടേത് തന്നിഷ്ടം; അനുവദിക്കാനാവില്ല; രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ്; അണിനിരന്നത് പതിനായിരങ്ങള്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 11:46 AM  |  

Last Updated: 15th November 2022 11:59 AM  |   A+A-   |  

YECHOORY

രാജ്ഭവന്‍ മാര്‍ച്ച് യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു

 

തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതിന് ബദലായി തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അതിനെതിരായുള്ള ഈ സമരം ഒരു വ്യക്തിക്കെതിരെയല്ല, നയങ്ങള്‍ക്കെതിരെയാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. 

ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വര്‍ഷത്തെ പരിചയമുണ്ട്. ഒരിക്കലും വ്യക്തിപരമായി തെറ്റേണ്ടി വന്നിട്ടില്ല. ഇപ്പോഴും അദ്ദേഹവുമായി വ്യക്തിപരമായ  ഒരു പ്രശ്‌നവമില്ല. നയപരമായ പ്രശ്‌നങ്ങളിലാണ് വിയോജിപ്പെന്നും യെച്ചൂരി പറഞ്ഞു. 

തമിഴ്‌നാട്ടിലും, ബംഗാളിലും ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തക്കാത്തതിനെ തുടര്‍ന്ന് പുതിയ നിയമം നിര്‍മ്മിക്കേണ്ട അവസ്ഥയുണ്ടായി. ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടനാപദവിയാണ്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് ഗവര്‍ണര്‍മാര്‍ മാറുന്നതാണ് നാം കാണുന്നത്. പകര്‍ച്ചവ്യാധിയുടെ കാലാവസ്ഥ ഉപയോഗിച്ച് പുതിയ വിദ്യാഭ്യാസനയം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും യെച്ചൂരി പറഞ്ഞു.

രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച്. രാവിലെ 10നാണ് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് പ്രകടനം ആഭംഭിച്ചത്.  കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണയുമായി പ്രതിഷേധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. രാജ്ഭവന് പുറമെ  ജില്ലാ ആസ്ഥാനങ്ങളില്‍ വൈകിട്ട് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മകളും ഇന്ന് ചേരും.

പ്രതിഷേധകുട്ടായ്മയില്‍ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, മാത്യു ടി തോമസ്, പിസി ചാക്കോ, വര്‍ഗീസ് ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പിസി ജോസഫ്, കെ ബി ഗണേഷ്‌കുമാര്‍, ബിനോയ് ജോസഫ് തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം’; കരിങ്കുന്നം സ്റ്റേഷനിലേക്ക് പാഞ്ഞെത്തി 18കാരൻ, ജീവൻകാത്ത് പൊലീസുകാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ