‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം’; കരിങ്കുന്നം സ്റ്റേഷനിലേക്ക് പാഞ്ഞെത്തി 18കാരൻ, ജീവൻകാത്ത് പൊലീസുകാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 07:39 AM  |  

Last Updated: 15th November 2022 07:39 AM  |   A+A-   |  

SNAKE BITE

പ്രതീകാത്മക ചിത്രം

 

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പൊലീസ് സ്റ്റേഷനിൽ. ശനിയാഴ്ച രാത്രി 12നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) പാമ്പു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. 

‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം...’ എന്നു പറഞ്ഞെച്ചിയ യുവാവിനെ കണ്ട് പൊലീസുകാർ ആദ്യമൊന്ന് അമ്പരന്നു. എന്നാൽ ഒട്ടും വൈകാതെ യുവാവിന് പ്രഥമശുശ്രൂഷ നൽകിയശേഷം പൊലീസ് ജീപ്പിൽ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കരിമണ്ണൂരിൽ നിന്ന് പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണു ജിത്തുവിന്റെ കയ്യിൽ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണു പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്നു യുവാവ് പറഞ്ഞു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോതിഷ്, അക്ബർ, സിപിഒ ഉമേഷ് എന്നിവർ ചേർന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകിയത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയർ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടൻ ജീപ്പുമായെത്തി  ജിത്തുവിനെ ആശുപത്രിയിലാക്കി. 

ആശുപത്രിയിലെത്തിക്കുമ്പോൾ യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉ‍ദ്യോഗസ്ഥർ മടങ്ങിയത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രി വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കടുകിന്റെ രൂപത്തിലാക്കി സ്വർണം, വില 12 ലക്ഷം; കൊച്ചി വിമാനത്താവളത്തിൽ സ്വർണം പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ