കാപ്പ ചുമത്തി നാടുകടത്തി; തിരിച്ചെത്തിയ ഗുണ്ട ഹോട്ടല്‍ ജീവനക്കാരനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു, അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 09:49 PM  |  

Last Updated: 16th November 2022 09:49 PM  |   A+A-   |  

jayamkulam

അറസ്റ്റിലായ പ്രതികള്‍


ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം ഹോട്ടല്‍ ജീവനക്കാരാനായ കീരിക്കാട് സ്വദേശി ഉവൈസിനെ  മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. പത്തിയൂര്‍ എരുവ കിഴക്ക് മുറിയില്‍ പുല്ലം പ്ലാവില്‍ ചെമ്പക നിവാസ് വീട്ടില്‍ ചിന്തു എന്ന് വിളിക്കുന്ന അമല്‍ (23), രണ്ടാം പ്രതി  പത്തിയൂര്‍ കിഴക്ക് മുറിയില്‍ കൊല്ലാശ്ശേരി തറയില്‍ വീട്ടില്‍ രാഹുല്‍ (29) എന്നിവര്‍ ആണ് അറസ്റ്റിലായത്.

നവംബര്‍ മൂന്നാം തീയതി രാത്രി 8.30 മണിയോടെ കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലില്‍ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്‌കൂട്ടറില്‍ പോയ സമയത്താണ് സംഭവം. എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം വളവില്‍ വെച്ച് ഉവൈസ് സ്‌കൂട്ടര്‍ മറിഞ്ഞുതാഴെ  വീണു. വണ്ടി ഉയര്‍ത്താന്‍ ശ്രമിച്ച സമയം അവിടെയെത്തിയ പ്രതികള്‍ ഉവൈസിനെ ഹെല്‍മറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലില്‍ തള്ളിയിട്ട് വെള്ളത്തില്‍ പിടിച്ചു മുക്കി കൊല്ലാന്‍  ശ്രമിക്കുകയായിരുന്നു.  

ഈ കേസിലെ മൂന്നാം പ്രതിയായ പത്തിയൂര്‍  എരുവ മുറിയില്‍ കൊച്ചു കളീക്കല്‍ വീട്ടില്‍ രാജേഷ് (32) നേരത്തേ പൊലീസ് പിടിയിലായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒന്നും രണ്ടും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിലേക്ക് അന്വേഷണം നടത്തി വരവെയാണ് തൃശൂര്‍ കൊടകര ഭാഗത്ത് ഉള്ളതായി അറിവ് ലഭിച്ചത്. പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

ഒന്നാം പ്രതിയായ അമല്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും രണ്ടാം പ്രതിയായ രാഹുല്‍ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഒന്നാം പ്രതി അമലിനെ കാപ്പ ചുമത്തി ഒരു വര്‍ഷക്കാലത്തേക്ക് ആലപ്പുഴ ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഇയാള്‍ വീണ്ടും ജില്ലയിലെത്തിയത്. തുടര്‍ന്നാണ് കായംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍  കൊലപാതകശ്രമ കേസില്‍ പ്രതിയായത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ബന്ധുക്കള്‍ക്ക് മുന്നില്‍ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം: രണ്ടര മാസം ഒളിവില്‍, ഒടുവില്‍ ഭര്‍ത്താവ് കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ