'എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമം'; തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ നോട്ടീസ്, 21ന് ഹാജരാകണം

തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ്
തുഷാര്‍ വെള്ളാപ്പള്ളി /ഫയല്‍ ചിത്രം
തുഷാര്‍ വെള്ളാപ്പള്ളി /ഫയല്‍ ചിത്രം

കൊച്ചി: തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ്.  തെലങ്കാന പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നോട്ടീസ് നല്‍കി. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നുമാണ് ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.

ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും കെസിആര്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച  ചന്ദ്രശേഖര്‍റാവു, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകളും  പുറത്തുവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായാണ് കൊച്ചിയിലും കൊല്ലത്തും എത്തിയത്. തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്നാണ് കഴിഞ്ഞദിവസം അന്വേഷണ സംഘം വ്യക്തമാക്കിയത്.

കേസിലെ മുഖ്യപ്രതി സതീഷ് ശര്‍മ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാള്‍ കാസര്‍കോടുകാരനായ മലയാളിയാണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാള്‍ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. എന്നാല്‍, പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com