അത് പച്ചക്കള്ളം; മറ്റ് എന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത്; ക്ഷുഭിതനായി വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 11:37 AM  |  

Last Updated: 16th November 2022 11:39 AM  |   A+A-   |  

satheesan

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇല്ലാത്ത വാര്‍ത്ത പടച്ചുവിടുന്നവര്‍, വാര്‍ത്തയില്ലെങ്കില്‍ മറ്റ് എന്തെങ്കിലും പണിക്ക് പോകണമെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടികകത്ത് ഒരു പ്രശ്‌നവുമില്ല. ഇത്തരത്തില്‍ വാര്‍ത്ത നല്‍കി സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി ചിലര്‍ മനപൂര്‍വം ചെയ്യുന്നതാണിതെന്നും സതീശന്‍ പറഞ്ഞു. 

സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അവര്‍ ജനങ്ങളുടെ വിചാരണ നേരിടുകയാണ്. നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടി യുഡിഎഫ് സമരം നടക്കുമ്പോള്‍ ഫോക്കസ് മാറ്റാന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണിത്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും സതീശന്‍ പറഞ്ഞു.

സുധാകരന്റെ പ്രസംഗത്തില്‍ നാക്കുപിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ പരാമര്‍ശത്തില്‍ അതിന്റെ ഗൗരവത്തോടെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നാഭിപ്രായമില്ല. ഞാന്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ചെന്നിത്തല പറഞ്ഞത്. ഇന്ന് സുധാകരന്‍ രാജിവെക്കുമെന്ന വാര്‍ത്ത കൊടുത്തതോടെ സര്‍ക്കാരിനെതിരെയുള്ള മറ്റുവാര്‍ത്തകളെല്ലാം അപ്രധാനമായെന്നും സതീശന്‍ പറഞ്ഞു.

സുധാകരന്‍ കത്ത് എഴുതി എന്നത് പച്ചക്കള്ളം. പിന്നെ ഇക്കാര്യത്തില്‍ വന്ന് അഭിപ്രായം ചോദിക്കുക. വാര്‍ത്തയില്ലെങ്കില്‍ മറ്റ് എന്തെങ്കിലും പണിക്ക് പോകാന്‍ പറ. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയാല്‍ ഞങ്ങളുടെ വിശ്വാസ്യത പോകില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യന്ന മാധ്യമപ്രവര്‍ത്തകരുടെ ക്രഡിബിലിറ്റിയാണ് പോകുകയെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സഹകരണസ്ഥാപനത്തിലെ നിയമനപ്പട്ടിക സിപിഎം ഓഫീസില്‍ നിന്ന്; ആനാവൂരിന്റെ കത്ത് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ