'പ്രസവാവധിക്കു പോകുന്ന ടീച്ചര്‍മാര്‍ എന്തുചെയ്യും?'; കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളി: എംവി ജയരാജന്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
എം വി ജയരാജന്‍/ഫയല്‍ ചിത്രം
എം വി ജയരാജന്‍/ഫയല്‍ ചിത്രം


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിധി ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അക്കാദമിക് ഡെപ്യൂട്ടേഷന്റെ കാലം സര്‍വീസ് ആയി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തുവരുന്ന സന്ദേശം. അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഒരു ടീച്ചര്‍ പ്രസവ അവധിക്ക് പോയി ഒരുവര്‍ഷം വരെ കുട്ടിയെ പരിചരിക്കാന്‍ ലീവ് വേണ്ടി വരും. അത് ആ അധ്യാപികയുടെ സേവനകാലമായി കണക്കാക്കാന്‍ ഈ വിധിപ്രകാരം പറ്റില്ല. ഇത് സ്ത്രീസമൂഹത്തിന് എതിരായ വെല്ലുവിളിയാണ്. 

ടീച്ചര്‍ എന്നല്ല, ഒരു വനിതാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രസവ അവധിക്ക് പോയെന്ന് കരുതുക, ആ ഒരുവര്‍ഷം എന്തുചെയ്യും? നിലവിലുള്ള ജുഡീഷ്യറിയുടെ കീഴ്‌വഴക്കം അനുസരിച്ച് പ്രസവ അവധിക്കാലവും സേവന കാലമായി കണക്കാക്കി പ്രൊമോഷന്‍ കൊടുക്കുന്നുണ്ട്. നിലവിലെ നിയമം അനുസരിച്ച് അധ്യാപികയുടെ പ്രസവ അവധി സേവനമായി കണക്കാക്കി പ്രൊമോഷന്‍ കൊടുക്കുന്നു. അതൊക്കെ ഈ വിധിയോടു കൂടി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്.-ജയരാജന്‍ പറഞ്ഞു. 

അധ്യാപക പരിചയം എന്നത് എങ്ങനെ? അധ്യാപകരുടെ സേവന കാലം എങ്ങനെ കണക്കാക്കും? അധ്യാപക ജോലിയുടെ ഭാഗമായി ചിലര്‍ ഡെപ്യൂട്ടേഷനില്‍ പോകാറുണ്ട്. അത് അക്കാദമിക് ഡെപ്യൂട്ടേഷനും നോണ്‍ അക്കാദമിക് ഡെപ്യൂട്ടേഷനുണ്ട്. അക്കാദമിക് ഡെപ്യൂട്ടേഷന്‍ കണക്കാക്കുന്നില്ലെങ്കില്‍ ഇന്ന് സര്‍വീസില്‍ ഇരിക്കുന്ന ഒരുപാട് പ്രിന്‍സിപ്പല്‍മാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരം. 

അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നതിന് ശേഷം അസോസിയേറ്റ് പ്രൊഫസര്‍ ആകണമെങ്കില്‍ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കില്‍ അതിന് തെരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടേഷന്‍ വഴി പൂര്‍ണ സാലറിയോടു കൂടി രണ്ടരവര്‍ഷം ഏതെങ്കിലും സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേര്‍ന്ന് പഠിക്കണം. അത് അക്കാദമിക് ഡെപ്യൂട്ടേഷനാണ്. അക്കാദമിക് ഡെപ്യൂട്ടേഷന്റെ കാലം സര്‍വീസ് ആയി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തുവരുന്ന സന്ദേശം.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com