പത്തനംതിട്ടയില്‍ ഒന്‍പത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; വായില്‍ നിന്ന് നുരയും പതയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 05:57 PM  |  

Last Updated: 18th November 2022 05:57 PM  |   A+A-   |  

STRAY_DOG_ATTACK

ഒന്‍പത് വയസുകാരന്റെ കൈയില്‍ തെരുവുനായ കടിച്ചനിലയില്‍

 

പത്തനംതിട്ട: മലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതിന് സമാനമായി പത്തനംതിട്ടയിലും സമാന സംഭവം. സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒന്‍പത് വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് നായ കടിച്ചത്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ അരീക്കക്കാവിലാണ് സംഭവം. ചിറ്റാറിലുള്ള സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ രാവിലെ 7.45ഓടേയാണ് ഇഷാനെ നായ കടിച്ചത്. പിന്നിലൂടെ എത്തിയ തെരുവുനായ ഇഷാന്റെ വലതുകൈയില്‍ മുട്ടിന് താഴെയാണ് കടിച്ചത്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ഓടിപ്പോയ നായ ഒരു പശുവിനെയും കടിച്ചു. കുട്ടിക്കും പശുവിനും വാക്‌സിന്‍ നല്‍കി.

തുടര്‍ന്ന് വൈകീട്ടോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി. ചങ്ങനാശേരിയില്‍ നിന്ന് പട്ടിപിടിത്തത്തില്‍ പരിശീലനം ലഭിച്ച ആളെ വിളിച്ചുവരുത്തിയാണ് നായയെ പിടികൂടിയത്. നായയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. പേവിഷബാധയേറ്റ നായയാണ് എന്ന സംശയത്തില്‍ നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ