'കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല'; തരൂരിന്റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറ്റം, അന്വേഷണ കമ്മീഷനെ വയ്ക്കണം: എംകെ രാഘവന്‍

ശശി തരൂരിന്റെ പരിപാടി താന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പിന്‍മാറ്റത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
സെമിനാറില്‍ തരൂരിനൊപ്പം എംകെ രാഘവന്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സെമിനാറില്‍ തരൂരിനൊപ്പം എംകെ രാഘവന്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവന്‍ എംപി. ശശി തരൂരിന്റെ പരിപാടി താന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പിന്‍മാറ്റത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണ കമ്മിഷനെ വെക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന 'സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും' എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.

ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ സംസാരിക്കവേ കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരേയും രാഘവന്‍ പരോക്ഷവിമര്‍ശനം ഉന്നയിച്ചു. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിക്കുകയാണ്. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഡിസിസി നേതാക്കാളോട് ആലോചിച്ചാച്ചാണ് പരിപാടി തീരുമാനിച്ചത്. കെ സുധാകരനും കെ മുരളീധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്നും രാഘവന്‍ പറഞ്ഞു.

ശശി തരൂരിന്റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കെ.പിസിസി പ്രസിഡന്റ് കെ. സുധാകരനും പരാതി കൊടുക്കുമെന്നും രാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com