കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍, മലബാര്‍ പര്യടനം ഇന്നുമുതല്‍; അപ്രഖ്യാപിത വിലക്ക്, യൂത്ത് കോണ്‍ഗ്രസിന് വിരട്ടല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 08:21 AM  |  

Last Updated: 20th November 2022 08:23 AM  |   A+A-   |  

shashi_tharoor

ശശി തരൂര്‍/ ഫയല്‍

 

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ, ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ഇന്ന് തുടക്കം. അടുത്ത മൂന്നു ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

രാവിലെ 9.30ന് എം ടി വാസുദേവന്‍ നായരെ തരൂര്‍ വീട്ടില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഭരണഘടനയിലെ മതേതരത്വം എന്ന വിഷയത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രസംഗിക്കും. ഇതിനുശേഷം മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെയും എം വി ശ്രേയാംസ് കുമാറിനെയും സന്ദര്‍ശിക്കും. 

വൈകീട്ട് നാലുമണിക്ക് നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും. യൂത്ത് കോണ്‍ഗ്രസ് ആണ് ഈ പരിപാടി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍  കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറുകയും നെഹ്‌റു ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും ആയിരുന്നു. 

വരുന്ന മൂന്ന് ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 22 ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെയും തരൂര്‍ കാണുന്നുണ്ട്. പ്രൊഫഷണലുകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി സംവാദത്തിനും തരൂര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 

അസ്വസ്ഥരായി ഒരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ

അണികള്‍ക്കിടയിലും നിഷ്പക്ഷ വിഭാഗങ്ങള്‍ക്കിടയിലും തരൂരിന് കിട്ടുന്ന സ്വീകാര്യതയില്‍ കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്. കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികളും എന്ന പ്രഭാഷണ പരിപാടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് പരിപാടി മാറ്റാന്‍ സംസ്ഥാന നേതാക്കളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചത്. പരിപാടി മാറ്റിവെച്ചില്ലെഹ്കില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഘടകം പിരിച്ചുവിടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ താക്കീത് നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ

'എനിക്കാരേയും ഭയമില്ല, എന്നേയും പേടിക്കേണ്ട'; സെമിനാര്‍ വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ