'എനിക്കാരേയും ഭയമില്ല, എന്നേയും പേടിക്കേണ്ട'; സെമിനാര്‍ വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 09:46 PM  |  

Last Updated: 19th November 2022 09:46 PM  |   A+A-   |  

shashi_tharoor

ശശി തരൂര്‍: ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

 

കോഴിക്കോട്: താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ചില അസൗകര്യങ്ങള്‍ കൊണ്ടാണ് അവര്‍ പിന്‍മാറിയത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. പിന്‍മാറിയതില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് തരൂര്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെപ്പറ്റി അവരോട് ചോദിക്കണം. തനിക്കാരെയും ഭയമില്ല, തന്നെ ആരും ഭയക്കേണ്ടതില്ല. തനിക്ക് വിലക്കില്ലെന്നും തരൂര്‍ കോഴിക്കോട് പറഞ്ഞു. സെമിനാറില്‍ യൂത്ത് കോണ്‍ഗ്രസിന് പകരം സംഘാടകരുണ്ട്. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന്‍ സെമിനാര്‍ ഏറ്റെടുത്ത് നടത്തും.

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെഎസ് ശബരീനാഥന്‍ രംഗത്തെത്തി. അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എംപിയായി മൂന്ന് വട്ടം വിജയിച്ച ശശി തരൂരും പങ്കിടുമായിരുന്നത്.അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.പിന്നെ ഒരു കാര്യം കൂടി, അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.' ശബരീനാഥന്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 'സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല'- എംവി ​ഗോവിന്ദൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ